റാവൽപിണ്ടി: പാക്കിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് എട്ടുവിക്കറ്റ് ജയം. പാക്കിസ്ഥാൻ ഉയർത്തിയ 68 റൺസിന്റെ കുഞ്ഞൻ വിജയലക്ഷ്യം 12.3 ഓവറിൽ രണ്ടുവിക്കറ്റ് നഷ്ടത്തിൽ സന്ദർശകർ മറികടന്നു. ഇതോടെ, ടെസ്റ്റ് പരമ്പര 1-1 എന്ന നിലയിലായി. സ്കോർ: പാക്കിസ്ഥാൻ- 333 & 138, ദക്ഷിണാഫ്രിക്ക - 404 & 73/2.
42 റൺസെടുത്ത നായകൻ എയ്ഡൻ മാർക്രമും 25 റൺസെടുത്ത റയാൻ റിക്കിൾട്ടണുമാണ് ദക്ഷിണാഫ്രിക്കൻ വിജയം വേഗത്തിലാക്കിയത്. രണ്ടു വിക്കറ്റും വീഴ്ത്തിയത് നൊമാൻ അലിയാണ്.
നേരത്തെ, നാലിന് 94 റൺസെന്ന നിലയിൽ നാലാംദിനം ബാറ്റിംഗ് പുനരാരംഭിച്ച പാക്കിസ്ഥാന്റെ രണ്ടാമിന്നിംഗ്സ് 138 റൺസിൽ അവസാനിച്ചിരുന്നു. ബാബർ അസം (50), മുഹമ്മദ് റിസ്വാൻ (18), നൊമാൻ അലി (പൂജ്യം), ഷഹീൻ ഷാ അഫ്രീദി (പൂജ്യം), സൽമാൻ ആഘ (28), സാജിദ് ഖാൻ (13) എന്നിവരുടെ വിക്കറ്റുകളാണ് നാലാംദിനം നഷ്ടമായത്.
വെറും 50 റൺസ് മാത്രം വഴങ്ങി ആറുവിക്കറ്റ് വീഴ്ത്തിയ സൈമൺ ഹാർമറാണ് പാക് ബാറ്റിംഗ് നിരയുടെ ചിറകരിഞ്ഞത്. കേശവ് മഹാരാജ് രണ്ടും കഗീസോ റബാഡ ഒരു വിക്കറ്റും വീഴ്ത്തി.